തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണം; രണ്ട് പേര്‍ അറസ്റ്റില്‍

കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണം നടന്നത്

Update: 2022-03-20 13:58 GMT

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പോലിസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പോലിസ് സംശയിക്കുന്നു. വ്യാഴാഴ്ച വിതുരയില്‍ നിന്നും നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇന്ന് പിടിയിലാവരുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നു.

അതേസമയം, തിരുവനന്തപുരം വിതുരയില്‍ കഴിഞ്ഞ ദിവസം 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ വിതുര പോലിസ് കസ്റ്റഡിയിലെടുത്തു. വിതുര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പോലിസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പോലിസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്. 

Tags:    

Similar News