വ്യാജകേസ്: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലി മോചിതനായി, നഗരത്തില്‍ വമ്പിച്ച സ്വീകരണം

Update: 2020-09-29 12:47 GMT

പാലക്കാട്: പോലിസിന്റെ മൂന്നാം മുറയ്ക്കും അതിക്രമത്തിനുമെതിരേ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലി മോചിതനായി. ഇന്നലെ ജാമ്യം ലഭിച്ച അമീര്‍ അലി ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് മോചിതനായത്.

ജയില്‍ മോചിതനായ നേതാവിനെ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി. അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന നേതാക്കളായ അജ്മല്‍ ഇസ്മയില്‍, കെ എസ് ഷാന്‍, പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ മലമ്പുഴ ജില്ലാ ജയിലിനു മുന്നില്‍ സ്വീകരിച്ചു.

ജയിലില്‍ നിന്ന് പുറത്തുവന്ന നേതാവിന് പാലക്കാട് പട്ടണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും നേതാക്കളും വമ്പിച്ച സ്വീകരണം നല്‍കി. നഗരം ചുറ്റി നടന്ന പ്രടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഒരു പരാതിയുടെ പേരില്‍ സഹോദരങ്ങളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ജനനേന്ദ്രീയത്തിലുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിലാണ് അമീര്‍ അലിയെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അന്യായമായ പോലിസ് അതിക്രമം പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്കു കാരണമായിരുന്നു.

Tags:    

Similar News