യുവാവിനെതിരെ വ്യാജ കഞ്ചാവ് കേസ്; വെള്ളമുണ്ട സിഐ അടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
സിഐ അടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളമുണ്ട എസ്എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്‌ഐ സുരേന്ദ്രന്‍, ഗ്രേഡ് എഎസ്‌ഐ മുഹമ്മദലി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്ത പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിതിനെതിരെയാണ് വെള്ളമുണ്ട പോലിസ് വ്യാജ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയ സാബിതിനെതിരെ പോലിസ് പിന്നീട് എന്‍ഡിപി എസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മാനന്തവാടി എഎസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അദ്ദേഹം അന്വേഷണ റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിക്ക് കൈമാറി. അതിന്റെ അടിസ്ഥാനത്തിലാണ് സിഐ അടക്കമുള്ളവരെ സസ്‌പെന്റ് ചെയ്തത്.
ഫെബ്രുവരി രണ്ടിനായിരുന്നു ഹെല്‍മറ്റും മാസ്‌കുമില്ലാതെ സാബിത്തിനെ വാഹന പരിശോധനക്കിടെ പോലിസ് പിടികൂടിയത്. തുടര്‍ന്ന് വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അടുത്ത ദിവസം 500 രൂപ പിഴയടച്ച് പോകാന്‍ പറഞ്ഞു. അത് പ്രകാരം ചെയ്തു.
എന്നാല്‍ പിന്നീട് സാബിത്തിനെ ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്‌റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. അവിടെവച്ചാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് കേസാണ് എടുത്തതെന്ന് സാബിദ് അറിഞ്ഞത്.
വയനാട് എഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ എന്‍ഡിപിഎസ് കേസെടുത്തതിനും അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്‌ഐ സുരേന്ദ്രന്‍, എഎസ്‌ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായരാണ് സസ്‌പെന്റ് ചെയ്തത്.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിനാണ് സ്‌റ്റേഷന്റെ ചുമതലയുള്ള സിഏ ഷജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ തുടരന്വേഷണം നടത്താന്‍ എസ്എംഎസ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

