മലപ്പുറത്തിനെതിരേ വ്യാജ പ്രചാരണം: മനേക ഗാന്ധിക്കെതിരേ മലപ്പുറം എസ്പിക്ക് പരാതി

സുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഇതു സംബന്ധിച്ച് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്.

Update: 2020-06-04 19:01 GMT

മലപ്പുറം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്‌ലിം വിഭാഗത്തിനെതിരേയും സാമുദായിക - പ്രാദേശിക സ്പര്‍ദ്ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരേ സുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തില്‍ കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങള്‍ക്കു കാരണം മുസ്‌ലിം സമുദായം ഭൂരിപക്ഷമായതാണെന്നും വിവിധ സോഷ്യല്‍ മീഡിയ (ട്വിറ്റര്‍, ഫേസ് ബുക്ക് etc) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂര്‍വ്വം ഒരു ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരേ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായ ആദ്യ പ്രചരണം നടത്തിയത് മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കടുത്ത വര്‍ഗ്ഗീയ പ്രചരണമാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍, മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കെതിരെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തും വിധം ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരേയും, സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങള്‍ക്കെതിരേയും വിശിഷ്യാ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരേയും സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയ ഇതര വ്യക്തികള്‍ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 അ,120 ആഉള്‍പ്പടെയുള്ള ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. 

Tags:    

Similar News