വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

Update: 2023-02-05 15:02 GMT

കൊച്ചി: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി). കുട്ടിയെ അനധികൃതമായാണ് ദത്ത് നല്‍കിയതെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും സിഡബ്ല്യുസി അറിയിച്ചു.

മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആവശ്യമെങ്കില്‍ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരോപണ- പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും ആശുപത്രി അധികൃതരും.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞിട്ടാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് അനില്‍കുമാറിന്റെ വാദം. എന്നാല്‍, കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി അനില്‍കുമാര്‍ കളളക്കഥ മെനയുകയാണെന്ന് ആശുപത്ര സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും അറിയിച്ചു. സംഭവത്തില്‍ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ അനില്‍കുമാര്‍ സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും തെറ്റുചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരേ കര്‍ശന നടപടി എടുത്തുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Tags:    

Similar News