കൊച്ചി: ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ഫെയര്‍ഫാര്‍മ ഉടമയും എന്‍ജിനീയറുമായ ടി എ അബ്ദുല്‍ മജീദ് എന്ന വൈറസ് മജീദ്(82) അന്തരിച്ചു. എയ്ഡ്‌സ് രോഗം ഭേദപ്പെടുത്താന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ലോകത്ത് ആദ്യമായി മരുന്ന് വിപണിയിലിറക്കിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം കുണ്ടറ സിറാമിക്‌സില്‍ മൈനിങ് മാനേജരായിരുന്നു. 50 വര്‍ഷത്തോളമായി കൊച്ചിയിലാണ് താമസം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം 1973 മുതലാണ് ഔഷധ നിര്‍മാണത്തിലേക്കും വ്യാപാരത്തിലേക്കും തിരിഞ്ഞത്. കൊച്ചിയിലെ വീടിന് 'വൈറസ്' എന്നാണ് പേരിട്ടിരുന്നത്. ഔഷധ മേഖലയില്‍ തുടര്‍ന്ന മജീദ് തന്റെ ബിസിനസ് ശ്രീലങ്കയടക്കം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊച്ചി ബ്രോഡ്‌വേ ആസ്ഥാനമായി തുടങ്ങിയ ഫെയര്‍ഫാര്‍മയ്ക്ക് ഇപ്പോള്‍ കോയമ്പത്തൂരിലും ചെന്നൈയിലുമടക്കം സ്ഥാപനങ്ങളുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പ്രമുഖ വ്യാപാരിയുമായിരുന്ന പരേതനായ ടി കെ മഹ്മൂദിന്റെ മകനാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് 3.30ന് കലൂര്‍ കറുകളപ്പള്ളി തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: പുനത്തില്‍ ഷമീമ. മക്കള്‍: ആസിഫ്(പൈലറ്റ്), ഷംഷാദ്(ഫെയര്‍ ഫാര്‍മ സിഇഒ), ഷബ്‌നം (ബിസിനസ്, കോഴിക്കോട്), നജ്‌ല(ഫെയര്‍ ഫാര്‍മ). മരുമക്കള്‍: സക്കീര്‍ ഹുസയ്ന്‍(ബിസിനസ്), പി എച്ച് മുഹമ്മദ്(ബിസിനസ്), പ്രഫ. മുഹമ്മദ് സജ്ജാദ്(എംഇഎസ്‌ഐ മാറ്റ്).
Fair Pharma owner Abdul Majeed passes away
