തീവ്ര ന്യൂനമര്‍ദം: മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തും

നാളെ രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക.

Update: 2021-05-14 17:46 GMT

കൊച്ചി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്താന്‍ തീരുമാനം. ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പുറമെയാണ് ഇത്. നാളെ രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക.

മുന്നു ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് അധിവസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മലങ്കരഡാമിന്റെ മുന്നു ഷട്ടറുകളും (ഷട്ടര്‍ 3, 4, 5) 50 സെ.മീ. വീതം ഉയര്‍ത്തി ജലം പുഴയിലേയ്ക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കില്‍ ഷട്ടറുകള്‍ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റര്‍ വരെ ഉയര്‍ത്തി നിയന്ത്രിതമായ അളവില്‍ ജലം പുഴയിലേയ്ക്ക് ഒഴുക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും പ്രാദേശിക മാധ്യമങ്ങള്‍ മുഖേനയും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അടിയന്തിര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ സേന നിര്‍ദ്ദേശിച്ചു.

Tags: