കേരള തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2021-01-09 00:49 GMT

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. മുന്നറിയിപ്പ് നല്‍കി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഇന്ന് മുതല്‍ 11 വരെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.