വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്നാരംഭിക്കം

Update: 2021-10-17 01:06 GMT

ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ള വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ദുബയില്‍ യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ജയ്ശങ്കര്‍ ഇസ്രായേലിലേക്ക് പുറപ്പെടുന്നത്. ദുബയില്‍ നിന്ന് നേരിട്ട് ടെല്‍അവീവിലേക്ക് പോകാനാണ് പദ്ധതി.

ടെല്‍ അവീവില്‍ അദ്ദേഹം പ്രധാനമന്ത്രി നഫ്തലി ബെന്നറ്റും വിദേശകാര്യമന്ത്രി യാസിര്‍ ലാപിഡുമായും കൂടിക്കാഴ്ച നടത്തും. മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ കാലത്ത് രൂപം കൊടുത്ത ഇന്ത്യ-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

ലപിഡിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ജയ്ശങ്കര്‍ ഇസ്രായേലിലേക്ക് പോകുന്നത്. യേഷ് അത്തിദ് പാര്‍ട്ടിയുടെ നേതാവും വിദേശകാര്യമന്ത്രിയുമായ ലാപിഡ് 2023ല്‍ കൂട്ടുകക്ഷി തീരുമാനമനുസരിച്ച്  പ്രധാനമന്ത്രിയാവും.

2019ല്‍ വിദേശകാര്യമന്ത്രിയായ ശേഷം ഇസ്രായേലിലേക്കുള്ള ജയ്ശങ്കറിന്റെ ആദ്യ സന്ദര്‍ശനമാണ് ഇത്. നെതന്യാഹു സര്‍ക്കാരുമായി മോദി സര്‍ക്കാരിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇക്കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി പ്രതിരോധ പരിപാടികളിലും സഹകരിച്ചിരുന്നു. ഇപ്പോഴത്തെ സന്ദര്‍ശനം വിജ്ഞാനാധിഷ്ടിത സഹകരണം, ഗവേഷണം, മെയ്ക്ക് ഇന്ത്യ ഇനീഷ്യേറ്റീവ് തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചാണ്. 

തന്റെ മൂന്ന് ദിവസ സന്ദര്‍ശനത്തിനിടയില്‍ ജയ്ശങ്കര്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയില്‍ നിന്നുള്ള ജൂതപ്രതിനിധികളെയും ജയ്ശങ്കര്‍ കാണും. കൂടാതെ ഇന്തോളജിസ്റ്റുകളെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും വ്യവസായികളെയും കാണും. ഒന്നാം ലോകയുദ്ധത്തില്‍ ജീവന്‍ ത്യജിച്ചവര്‍ക്ക് മന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിക്കും. 

Tags: