കൊവിഡ് വാക്‌സിന്‍ മിഷന്‍: വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ന്യൂയോര്‍ക്കിലെത്തി

Update: 2021-05-24 02:44 GMT

ന്യൂയോര്‍ക്ക്: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ്സിലേക്ക് പുറപ്പെട്ട വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇന്ന് ന്യൂയോര്‍ക്കിലെത്തി. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ജയ്ശങ്കര്‍ യുഎസ് സന്ദര്‍ശിക്കുന്നത്.

യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി എസ് ത്രിമൂര്‍ത്തി ജയ്ശങ്കറെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. യുഎന്‍ സുരക്ഷാസമിതിയില്‍ അംഗമായ ശേഷമുള്ള ജയ്ശങ്കറുടെ ആദ്യ ന്യൂയോര്‍ക്ക് സന്ദര്‍ശനമാണ് ഇത്.

ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇന്ത്യ സുരക്ഷാസമിതി അംഗമായത്.

വിദേശകാര്യമന്ത്രി യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്രസ്സുമായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ വാക്‌സിന്‍ കമ്പനി പ്രതിനിധികളെയും കാണും.

ഇന്ത്യക്ക് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കലാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കുവേണ്ടിയും ഇടപെടുമെന്നാണ് കരുതുന്നത്.

Tags:    

Similar News