ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജയിലുകളില്‍ ജയില്‍ വകുപ്പ് നടത്തിയ വ്യാപക പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ കഴിഞ്ഞ 36 മണിക്കൂറായി നടന്ന പ്രത്യേക പരിശോധനാ നടപടികളിലൂടെയാണ് നിയമവിരുദ്ധ വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ജയില്‍ ഡിജിപി അലോക് കുമാര്‍ അറിയിച്ചു.
ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ആറു മൊബൈല്‍ ഫോണുകളും നാലു കത്തികളും കണ്ടെത്തി. മൈസൂരു ജയിലില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകളും 11 സിം കാര്‍ഡുകളും പിടിച്ചെടുത്തു. ബെലഗാവി ജയിലില്‍ നടത്തിയ പരിശോധനയില്‍ നാലു മൊബൈല്‍ ഫോണുകള്‍ക്കൊപ്പം 366 ഗ്രാം കഞ്ചാവും കണ്ടെത്തി. ജയിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് പൊതികളെന്ന് അധികൃതര്‍ വ്യക്തമാക്കി. മംഗളൂരു ജയിലില്‍ നിന്ന് നാലു മൊബൈല്‍ ഫോണുകളും വിജയപുര ജയിലില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പരിശോധനയില്‍ കണ്ടെത്തി. ജയിലുകള്‍ക്കുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി അലോക് കുമാര്‍ അറിയിച്ചു.
നിരോധിത വസ്തുക്കള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ അകത്തെത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.