ട്വന്റി 20യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവച്ചു
ട്വന്റി 20ക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു
കൊച്ചി: ട്വന്റി 20 എന്‍ഡിഎ മുന്നണിയില്‍ അംഗമായതില്‍ പ്രതിഷേധിച്ച് എറണാകുളം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവച്ചു. ട്വന്റി20യുടെ പ്രാഥമികാംഗത്വവും രാജിവച്ചതായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൂജ ജോമോന്‍ വ്യക്തമാക്കി. ട്വന്റി20 കണ്‍വീനര്‍ സാബു എം ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു. ട്വന്റി 20 എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് അനുകൂലിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ മറ്റ് വാര്‍ഡ് അംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
ബിജെപിയോടു കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിച്ച ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പൂജ ജോമോന്‍ പറഞ്ഞു. രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്ന് പൂജ പറഞ്ഞു. നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തില്‍ മരിച്ചുവെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു.
നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്തില്‍ ഇത്തവണ ട്വന്റി 20 അധികാരത്തില്‍ വന്നത്. നിലവില്‍ ട്വന്റി 20 ഏഴ്, യുഡിഎഫ് ഏഴ് എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയായിരുന്നു പൂതൃക്കയിലെ കക്ഷിനില. ഇതില്‍ എട്ടാം വാര്‍ഡില്‍നിന്നായിരുന്നു പൂജ വിജയിച്ചത്. പൂജ ജോമോന്‍ രാജിവെക്കുന്നതോടെ ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായി.