ചങ്ങരംകുളം: കള്ളക്കഥകളും വ്യാജകറാമാത്തുക്കളും പ്രചരിപ്പിച്ച് മതത്തെ ചൂഷണോബാധിയാകുന്ന പൗരോഹിത്യമാഫിയകള്‍ക്കെതിരില്‍ പ്രതികരിക്കാന്‍ പണ്ഡിതന്മാരും മതരാഷ്ട്രീയരംഗത്തുള്ളവരും മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ് ലാമിക് മിഷന്‍ സംസ്ഥാന സമിതി നിറംകുളത്ത് സംഘടിപ്പിച്ച ആദര്‍ശസമ്മേളനം ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളും മുഴുവന്‍ ചൂഷണങ്ങളെയും നിരാകരിക്കുന്നു. ആത്മീയതയുടെ മറവില്‍ വിശാസികളെ ചൂഷണംചെയ്യുന്ന വ്യാജ സിദ്ധന്മാര്‍ക്കും പണ്ഡിതമാഫിയകള്‍ക്കും വിശ്വാസികള്‍ കൂട്ടുനില്‍ക്കരുത്. മതവിശ്വാസത്തിന്റെ മറവില്‍ അന്ധവിശാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണം. ഇസ് ലാം മുന്നോട്ട് വെക്കുന്ന ചൂഷണമുകതമായ ജീവിതസംഹിത പ്രബോധനം ചെയ്യാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് മിഷന്‍ വൈസ് ചെയര്‍മാനും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. അസ്ഹര്‍ ചാലിശ്ശേരി യാസിര്‍ സ്വലാഹി ഹനീഫ ഓടക്കല്‍, അബ്ദുല്‍ മാലിക് സലഫി ഫൈസല്‍ മൗലവി നബില്‍ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു.