കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; അഞ്ചു മരണങ്ങളും വിദഗ്ധ സംഘം അന്വേഷിക്കും: വീണാ ജോര്‍ജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടവുമായി ബന്ധപ്പെട്ട സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടിയന്തിര ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി വിഭാഗം പ്രാഥമിക അന്വേഷണറിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലിസ് അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധന നടന്നു വരികയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പ്രകാരം ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിക്കുള്ളിലെ എന്തെങ്കിലും ഇന്റേണല്‍ പ്രശ്‌നങ്ങളാകാം കാരണമെന്നുമാണ് പറയുന്നത്. അതേസമയം, എല്ലാം അന്വേഷണ വിധേയമാണെന്നും അന്തിമ റിപോര്‍ട്ട് വന്നതിനു ശേഷമെ കാരണം വ്യക്തമാകൂ എന്നും അവര്‍ പറഞ്ഞു.
അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന 151 പേരില്‍ 37 പേരേയാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ചികില്‍സ സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും എന്തെങ്കിലും സഹായങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു. സിസിടിവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി എടുക്കും. അപകടത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും അഞ്ചു മരണങ്ങളും വിദഗ്ധ സംഘം അന്വേഷിക്കും എന്നും മന്ത്രി അറിയിച്ചു.