തിരുവനന്തപുരം: ജൂൺ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് എഞ്ചിനീയേർസ് തിരുവനന്തപുരത്തെത്തി. . ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് 17 അംഗസംഘം എത്തിയത്
ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററിൽ മടങ്ങി. ബ്രിട്ടനിൽനിന്നുള്ള ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടരുകയായിരുന്നു.
വിമാനത്തിൻ്റെ തകരാർ പരിഹരിക്കാനാവാതെ വന്നാൽ ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്നും റിപോർട്ടുകളുണ്ട്.