കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനം ആറിന്

Update: 2022-07-04 14:32 GMT

മാള: ഓട്ടിസം ബാധിച്ച ഭിന്ന ശേഷിക്കാരെ രസകരമായി എക്‌സൈസ് ചെയ്യിപ്പിക്കുന്ന റോബോട്ട്, വേദനപ്പിക്കുന്നതും ബോറടിപ്പിക്കുന്നതുമായ ഫിസിയോ തെറാപ്പിയെ ഗെയിമിലൂടെ രസകരമായി ചെയ്യിപ്പിക്കാനാകുന്ന സാങ്കേതിക വിദ്യ തുടങ്ങിയ ഇന്നൊവേഷനുകള്‍ കാണണൊ. എങ്കില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലേക്ക് വരൂ.

കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ നടുവിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള സ്മാര്‍ട്ട് കോളര്‍ ബാന്റ്, സാധാരണ ബാറ്ററിയേക്കാള്‍ 30 ശതമാനം ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്ന സാങ്കേതിക വിദ്യയോട് കൂടിയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ. ബോക്‌സിംഗില്‍ താരത്തിന്റെ കായിക ക്ഷമത അളക്കുന്നതിനുള്ള ബോക്‌സിറ്റ് തുടങ്ങി 50 ലേറെ ഇന്നൊവേഷനുകളുടെ പ്രദര്‍ശനം 'സ്‌കൈ ഫെസ്റ്റ് എന്ന് പേരില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജില്‍ നടത്തും. ഈമാസം ആറ് ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ സഹൃദയ എഞ്ചിനീയറിംഗ് കോളജിലെ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പ്രദര്‍ശനം.

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പവര്‍ സിസ്റ്റംസ്, നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍, ബയോടെക്‌നോളജി ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത 50 ഇന്നൊവേഷനുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് കേരളയുമായി (ഗടഡങ ഞകചഗ) സഹകരിച്ച് സഹൃദയ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററാണ് (സഹൃദയ ഐ ഇ ഡി സി) പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നൊവേഷനുകളെ ഉല്പന്നങ്ങളാക്കി മാറ്റുക എന്നതാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം. കേരള സ്റ്റാര്‍ട്ട് മിഷനടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും കമ്പനികളുടെയും പ്രതിനിധികളും സംരഭകരും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനമുണ്ട്. വൈകീട്ട് നാല് മണി മുതല്‍ വിവിധ മേഖലകളിലെ വിദഗ്ധരും സംരഭകരും സഹൃദയയിലെ ഇന്നൊവേറ്റര്‍മാരുമായി ആശയ വിനിമയത്തിന് വട്ടമേശ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ഒന്‍പതിന് തൃശ്ശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്‌റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന നോളേജ് ഇക്കോണമി മിഷന്‍ തലവന്‍ ഡോ. പി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള ലൈഫ് സയന്‍സ് പാര്‍ക്ക് ഡയറക്ടറും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം സ്‌പെഷ്യല്‍ ഓഫീസറുമായ സി പദ്മകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ സഹൃദയ പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള, ഐ ഇ ഡി സി നോഡല്‍ ഓഫീസര്‍ പ്രഫ. ജിബിന്‍ ജോസ്, വിദ്യാര്‍ത്ഥി പ്രതിനിധി എല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News