അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു; എക്‌സിന് ഐടി മന്ത്രാലയത്തിന്റെ നോട്ടിസ്

Update: 2026-01-03 10:08 GMT

ന്യൂഡല്‍ഹി: അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് നോട്ടിസ് അയച്ചു. ഇലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' ഉപയോഗിച്ച് ലൈംഗിക ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീല ചിത്രങ്ങളും വീഡിയോകളും എഐ സാങ്കേതികത ഉപയോഗിച്ച് സൃഷ്ടിച്ച് വ്യാജ അക്കൗണ്ടുകള്‍ വഴി പ്രസിദ്ധീകരിക്കുകയും പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് എക്‌സ് ഇന്ത്യ ഓപ്പറേഷന്‍സിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. കുട്ടികളുടെയടക്കം ചിത്രങ്ങള്‍ ലൈംഗിക ചുവയോടെ എഡിറ്റ് ചെയ്തിട്ടും ഇത്തരം ഉള്ളടക്കം നിയന്ത്രിക്കാനോ നീക്കം ചെയ്യാനോ എക്‌സ് മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എഐ സാങ്കേതികതയുടെ ദുരുപയോഗത്തിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ട് 72 മണിക്കൂറിനകം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വിശദമായ മറുപടി നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടും 2021ലെ ഐടി റൂളുകളും പാലിക്കുന്നതില്‍ എക്‌സ് വീഴ്ചവരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്. സ്ത്രീകളെ അവഹേളിക്കുന്നതും ലൈംഗികത പ്രോല്‍സാഹിപ്പിക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും എക്‌സിന്റെ എഐ സേവനമായ ഗ്രോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന റിപോര്‍ട്ടുകളില്‍ മന്ത്രാലയം ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി.

ഗ്രോക്ക് വഴി സൃഷ്ടിക്കുന്ന ഉള്ളടക്കം വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്ന തരത്തിലാണെന്നും കത്തില്‍ പറയുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് തടയുന്നതിനായി ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങളും ഭരണ ചട്ടക്കൂടുകളും സമഗ്രമായി അവലോകനം ചെയ്യാനും, കുറ്റകരമായ ഉള്ളടക്കങ്ങള്‍ തെളിവുകള്‍ നശിപ്പിക്കാതെ ഉടന്‍ നീക്കം ചെയ്യാനും എക്‌സിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags: