തേഞ്ഞിപ്പലത്ത് എക്‌സൈസിന്റെ വന്‍ ലഹരി വേട്ട

ഫറോക്ക് കരുവന്‍ തിരുത്തി സ്വദേശി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജാന്‍ (വയസ് 27) ആണ് എക്‌സൈസ് വലയിലായത്.

Update: 2020-12-15 18:14 GMT

പരപ്പനങ്ങാടി: മാരക ലഹരികളായ ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് ഉള്‍പ്പെടെയുള്ള ഷാഡോ ടീമും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഉള്‍പ്പെടെ നടത്തിയ സംയുകത വാഹന പരിശോധനയിലാണ് പ്രതി വലയിലായത്. ഫറോക്ക് കരുവന്‍ തിരുത്തി സ്വദേശി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജാന്‍ (വയസ് 27) ആണ് എക്‌സൈസ് വലയിലായത്. ഇയാളില്‍ നിന്നും 1.600 കിലോഗ്രാം കഞ്ചാവും 1.300 കിലോഗ്രാം ചരസും 75 ഗ്രാം ഹാഷിഷ് ഓയിലും ഇരുതലമൂര്‍ച്ചയുള്ള വടിവാളും, നെഞ്ചക്ക് ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച വാഗണ്‍ ആര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഇയാള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്ത് ലഹരി വസ്തുക്കള്‍ വിതരണത്തിനായി എത്തുന്നുണ്ടെന്ന മലപ്പുറം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി എക്‌സൈസ് കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍, ബിജു, പ്രദീപ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍, എ പി പ്രദീപ്, സാഗിഷ് എക്‌സൈസ് ഡ്രൈവര്‍മാരായ ചന്ദ്രമോഹന്‍, വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: