വ്യാജ എഐ യുദ്ധദൃശ്യങ്ങള്‍ക്കെതിരേ എക്‌സിന്റെ കടുത്ത നടപടി; നിയമലംഘകര്‍ക്ക് 90 ദിവസം വരുമാന വിലക്ക്

Update: 2026-03-05 08:27 GMT

ടെക്‌സസ്: ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യാജ യുദ്ധദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍, എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ വ്യക്തമായ വെളിപ്പെടുത്തലില്ലാതെ പങ്കുവയ്ക്കുന്ന ക്രിയേറ്റര്‍മാര്‍ക്കെതിരേ കടുത്ത നടപടിയുമായി എക്‌സ്. യുദ്ധസമയത്ത് വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്താനുമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.

എഐ ഉപയോഗിച്ച് സൃഷ്ടിച്ച സായുധ സംഘര്‍ഷ ദൃശ്യങ്ങള്‍ വ്യക്തമായ സൂചനകളില്ലാതെ പോസ്റ്റ് ചെയ്യുന്ന ക്രിയേറ്റര്‍മാരെ 90 ദിവസത്തേക്ക് വരുമാനവിഹിത പദ്ധതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ആദ്യ സസ്‌പെന്‍ഷന് ശേഷവും നിയമം ലംഘിച്ചാല്‍ ക്രിയേറ്റര്‍മാരെ വരുമാന പദ്ധതിയില്‍ നിന്ന് സ്ഥിരമായി പുറത്താക്കും. കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനത്തിലൂടെയും മെറ്റാഡേറ്റ വിശകലനത്തിലൂടെയും ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തുമെന്ന് എക്‌സിന്റെ പ്രോഡക്റ്റ് ഹെഡ് നികിത ബിയര്‍ അറിയിച്ചു. ഇതിനോടകം തന്നെ പ്ലാറ്റ്‌ഫോമില്‍ 'മേഡ് വിത്ത് എഐ' എന്ന ലേബല്‍ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട പല വീഡിയോകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇറാനിയന്‍ റോക്കറ്റുകള്‍ അമേരിക്കന്‍ വിമാനത്തെ വെടിവച്ചിടുന്നതായി തോന്നിക്കുന്ന ഒരു വീഡിയോ ഏഴു കോടിയിലധികം ആളുകളാണ് കണ്ടത്. കൂടാതെ മിസൈല്‍ ആക്രമണത്തിന് ശേഷമുള്ള പുകദൃശ്യങ്ങളില്‍ എഐ ഉപയോഗിച്ച് വലിയ തീഗോളങ്ങള്‍ ചേര്‍ത്തതായും കണ്ടെത്തി.

അതുപോലെ, റിയാദിലെ യുഎസ് എയര്‍ബേസ് തകര്‍ത്തുവെന്ന പേരില്‍ പ്രചരിച്ച വീഡിയോ യഥാര്‍ഥത്തില്‍ 18 മാസം മുന്‍പ് യമനിലെ ഒരു ഓയില്‍ റിഫൈനറിയില്‍ നടന്ന ആക്രമണത്തിന്റേതാണെന്നും പരിശോധനയില്‍ വ്യക്തമായി. ബ്രിട്ടീഷ് വസ്തുതാ പരിശോധനാ സംഘടനയായ ഫുള്‍ ഫാക്റ്റ് ഇതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തി. വിമാനവാഹിനിക്കപ്പല്‍ കത്തുന്നതായും ബുര്‍ജ് ഖലീഫയ്ക്ക് തീപിടിച്ചതായും, ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈയുടെ മൃതദേഹമെന്ന രീതിയിലും വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എഐ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ച് വീഡിയോകളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, തല്‍സമയ സംഭവങ്ങള്‍ വിലയിരുത്തുന്നതില്‍ അവയ്ക്ക് എല്ലായ്‌പ്പോഴും കൃത്യത പുലര്‍ത്താന്‍ കഴിയില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളവര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിയ വരുമാനം നേടാനാകുന്നത് ചിലരെ ഇത്തരം വൈറല്‍ വ്യാജ വീഡിയോകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നുമാണ് വിലയിരുത്തല്‍. ഈ പ്രവണതക്ക് തടയിടാനാണ് എക്‌സിന്റെ പുതിയ നടപടി.

Tags: