പാചകവാതക സിലിണ്ടറുകള്‍ക്ക് അമിതവില: വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ പരിശോധന നടത്തി

Update: 2021-05-04 14:53 GMT

പയ്യോളി: എല്‍.പി.ജി.സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫിസറും (കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറുടെ അധിക ചുമതല ) സംഘവും പരിശോധന നടത്തി. വടകര, പുതുപ്പണം, പയ്യോളി, നന്തി, മൂടാടി , കൊല്ലം എന്നിവിടങ്ങളില്‍ പാചകവാതക വിതരണത്തിനായി സിലിണ്ടറുകളുമായി പോവുന്ന വാഹനങ്ങളാണ് ഇന്ന് പരിശോധന നടത്തിയത്.

കൃത്യമായ ബില്‍ ഇല്ലാതെയാണ് വിതരണത്തിനായി സിലിണ്ടറുകള്‍ ചില വാഹനങ്ങളില്‍ കൊണ്ടുപോവുന്നത്. നന്തിയിലെ കാവ്യ ഏജന്‍സിസില്‍നിന്നുളള സിലിണ്ടറുകള്‍ ഉപഭോക്ത്താക്കളില്‍ നിന്നും 42 രൂപ വരെ അധിക വില ഈടാക്കുന്നതായി കണ്ടത്തി. അധികമായി ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ബില്ലിലെ തുക മാത്രമേ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവൂ എന്ന കര്‍ശനമായ താക്കീതും ഏജന്‍സികള്‍ക്ക് നല്‍കി.

ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്കടുത്ത് ദേശീയപാതക്ക് സമീപമുള്ള പറമ്പില്‍ കാലിയായ കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കൂട്ടിയിട്ടിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഇത് റോയല്‍ ഫ്‌ളയിംസ് ചെറുവത്തുര്‍ എന്ന ഏജന്‍സിയുടേതാണെന്ന് കണ്ടെത്തി- നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഇങ്ങനെ പൊതുസ്ഥലങ്ങളില്‍ കാലി സിലിണ്ടറുകള്‍ സൂക്ഷിക്കരുതെന്ന് ഏജന്‍സിക്ക് താക്കിത് നല്‍കി.

പരിശോധനനയില്‍ വടകര ടി.എസ്.ഒ സജീവന്‍, ടി.സി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി നിജന്‍, കെപി കുഞ്ഞിക്കൃഷ്ണന്‍, ശ്രീജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News