കൊവിഡ് വ്യാപനത്തില്‍ കുറവ്; വളം, കീടനാശിനി കടകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറക്കാം; പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുമെന്നും മുഖ്യമന്ത്രി

സേവനാവകാശ നിയമം നടപ്പിലാക്കും. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടിയെന്നും മുഖ്യമന്ത്രി

Update: 2021-05-26 14:41 GMT

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന അവലോകന യോഗം കൊവിഡ് വ്യാപനത്തില്‍ കുറവുവരുന്നതായാണ് വിലയിരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈനംദിനം രോഗവിമുക്തി നേടുന്നവരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണ്. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണ്.

വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫിസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും.

സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാകണം

സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫിസുകളില്‍ ഹാജരാകണം.

കൊവിഡ് ഇളവ്

ചകിരി മില്ലുകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും.

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ അവരുടെ അഭിപ്രായം. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15 പരീക്ഷകള്‍ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതനുസരിച്ച് പരീക്ഷ ആരംഭിക്കും. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്റിങ് സെന്ററുകളും ഇന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കാനാണ് പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍  ശ്രദ്ധിക്കണം.

ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും.

വകുപ്പു സെക്രട്ടറിമാരുടെ യോഗം

വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസില്‍ വരാതെ തന്നെ ലഭ്യമാക്കല്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത് എന്നിവയടക്കം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കര്‍മ്മപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണം എന്ന് യോഗത്തില്‍ വ്യക്തമാക്കി.

സേവനാവകാശ നിയമം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിനായി സേവന അവകാശ നിയമം കൂടി പരിഗണിക്കേണ്ടതുണ്ട്.

കൊച്ചി-ബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം-മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. സെമി ഹൈസ്പീഡ് റെയില്‍വേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുക.

സ്മാര്‍ട്ട് കിച്ചന്‍

എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒരിനമാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി. അതിനുള്ള മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശുപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ഈ സമിതി റിപോര്‍ട്ട് 2021 ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.


Tags: