ചോദ്യപേപ്പര്‍ ചോര്‍ച്ച; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

Update: 2020-12-17 15:44 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു. രാവിലെ നടക്കാനിരുന്ന അക്കൗണ്ടന്‍സി എഎഫ്എസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ് മാറ്റിവച്ചത്.

മലപ്പുറം കിഴിശേരി കുഴിമണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പര്‍ മോഷണം പോയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെയാണ് സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിച്ചു. പോലിസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ചോദ്യപേപ്പര്‍ മോഷണം പോയതായി സംശയം തോന്നി. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയില്‍ മൂന്ന് സെറ്റ് ചോദ്യപേപ്പര്‍ മോഷണം പോയതായി പോലിസ് അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്.അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് ഒഴികെയുള്ള മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.