ഹൈദരാബാദ്: ഗാര്‍ഹിക പീഡന പരാതി നല്‍കിയ മുന്‍ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 29 കാരിയായ ഐടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. പ്രതി കാനഡയില്‍ ജോലി ചെയ്തുവരുന്ന ഐടി ജീവനക്കാരനാണെന്ന് പോലിസ് അറിയിച്ചു.
2022ലാണ് ഇരുവരും വിവാഹിതരായത്. വിവാഹാനന്തരമായി കാനഡയിലേക്ക് പോയ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2024ല്‍ ഇരുവരും വിവാഹമോചനം നേടി. പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. യുവതി മൂന്നു മാസം ഗര്‍ഭിണിയാണെന്ന് നിലവിലെ ഭര്‍ത്താവ് പോലിസിന് മൊഴി നല്‍കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2025ല്‍ മാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ മുന്‍ഭര്‍ത്താവിന് കേസ് നിലനില്‍കുന്ന പശ്ചാത്തലത്തില്‍ വിദേശത്തേക്ക് മടങ്ങാനായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഹൈദരാബാദിലെ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രതി മുറി അകത്ത് നിന്ന് പൂട്ടിയശേഷം തലയില്‍ പലതവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ പോലിസിനെ വിവരമറിയിച്ചതോടെ മുറിയിലുടനീളം പെട്രോള്‍ ഒഴിച്ച പ്രതി കക്കൂസിനകത്ത് കയറി വാതിലടച്ച് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പോലിസ് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
