തപസ് പാലിന്റെ മരണം: കേന്ദ്രത്തെ കുറ്റപ്പെടുത്തി മമത ബാനര്‍ജി

കേന്ദ്രത്തിന്റെ രാഷ്ട്രീയ കുടിപ്പക മൂലം മൂന്ന് മരണങ്ങള്‍ ഉണ്ടായതായി അവര്‍ ആരോപിച്ചു.

Update: 2020-02-19 14:27 GMT

കൊല്‍ക്കത്ത: നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ തപസ് പാലിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന്റെ രാഷ്ട്രീയ കുടിപ്പക മൂലം മൂന്ന് മരണങ്ങള്‍ ഉണ്ടായതായി അവര്‍ ആരോപിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ മുംബൈയിലാണ് തപസ് പാല്‍ (61) അന്തരിച്ചത്. ചിറ്റ് ഫണ്ട് കുംഭകോണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ ആരോപണവിധേയരായ കൂട്ടത്തില്‍ തപസ് പാലും അന്വേഷണം നേരിട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കുടിപ്പക അപലപനീയമാണ്.ഇത് കാരണം മൂന്ന് മരണങ്ങള്‍ ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടു- മുഖ്യമന്ത്രി പറഞ്ഞു.

നിയമം അതിന്റേതായ വഴിക്ക് തന്നെ പോകണം, പക്ഷേ ദിനംപ്രതിയുള്ള ഈ അപമാനവും അടക്കിപ്പിടിച്ച പ്രചാരണങ്ങളും ആളുകളെ ഇല്ലാതാക്കുന്നു, തപസിനെ നോക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല-തപസ് പാലിന് ആദരാഞ്ജലിയര്‍പ്പിച്ച് മമത പറഞ്ഞു. തപസ് പാലിനു പുറമേ തൃണമൂല്‍ എംപി സുല്‍ത്താന്‍ അഹമ്മദും മറ്റൊരു നേതാവ് പ്രസുന്‍ ബാനര്‍ജിയുടെ ഭാര്യയും കേന്ദ്ര ഏജന്‍സികളുടെ ഉപദ്രവത്താല്‍ 'അകാലത്തില്‍' മരിച്ചെന്നും മമത ആരോപിച്ചു.നാരദ ഒളിക്യാമറ അന്വേഷണത്തില്‍ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ മുന്‍ കേന്ദ്രമന്ത്രി സുല്‍ത്താന്‍ അഹമ്മദ് 2017ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.




Tags:    

Similar News