അസമിലെ കുടിയൊഴിപ്പിക്കല്‍ മുസ്‌ലിം എന്ന ഒറ്റ കാരണത്താല്‍: ബൃന്ദ കാരാട്ട്

ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച ആയിരം കുടുംബങ്ങളെ യുദ്ധത്തടവുകാരേക്കാള്‍ മോശമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും 'ഒരു ഹിന്ദു രാഷ്ട്രത്തിന്റെ അജണ്ട യഥാര്‍ത്ഥത്തില്‍ എന്താണെന്നതിന്റെ ഏറ്റവും പേടിസ്വപ്‌നമായ അവസ്ഥയിലാണ് അവരെന്നും ബൃന്ദ കാരാട്ട് പറഞ്ഞു

Update: 2021-09-30 16:25 GMT

ദാല്‍പുര്‍: അസമില്‍ ഇപ്പോള്‍ നടക്കുന്നത് മുസ്‌ലിം ആണെന്ന കാരണത്താല്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരേ നടക്കുന്ന കുടിയൊഴിപ്പിക്കലാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. യുദ്ധത്തടവുകാരെക്കാള്‍ മോശമായ തരത്തിലാണ് ഡാരംഗ് ജില്ലയിലെ ന്യൂനപക്ഷ സമുദായങ്ങളോട് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അവര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.


ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച ആയിരം കുടുംബങ്ങളെ യുദ്ധത്തടവുകാരേക്കാള്‍ മോശമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും 'ഒരു ഹിന്ദു രാഷ്ട്രത്തിന്റെ അജണ്ട യഥാര്‍ത്ഥത്തില്‍ എന്താണെന്നതിന്റെ ഏറ്റവും പേടിസ്വപ്‌നമായ അവസ്ഥയിലാണ് അവരെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുപ്രകാശ് താലൂക്ക്ദാര്‍, എംഎല്‍എ മോനോരഞ്ജന്‍ താലൂക്ദാര്‍ എന്നിവരും ബൃന്ദ കാരാട്ടിനൊപ്പമുണ്ടായിരുന്നു.


'ഈ ലജ്ജയില്ലാത്ത സര്‍ക്കാര്‍ അവര്‍ക്ക് വെറും 12 മണിക്കൂര്‍ മുന്‍പാണ് നോട്ടീസ് നല്‍കിയത്, ഒരു വലിയ പോലീസ് സേനയുമായി വന്നു, അവരെ പുറത്താക്കി, അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സ്ത്രീകളെയും കുട്ടികളെയും ആട്ടിയോടിച്ചു. വെടിവെച്ച് രണ്ട് പേരെ കൊന്നു. നിരവധി പേരെ പരിക്കേല്‍പ്പിച്ചു.' ബൃന്ദ പറഞ്ഞു.


'കഴിഞ്ഞ 50 വര്‍ഷമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ കൃഷിപ്പണി ചെയ്യുന്നുണ്ട്. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. അവരില്‍ ഭൂരിഭാഗവും 1951 എന്‍ആര്‍സി ദേശീയ പൗരത്വ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്. എന്നിട്ടും അവര്‍ ജീവിക്കുന്നത് അവിശ്വസനീയമായ സാഹചര്യങ്ങളിലാണ്, യുദ്ധത്തടവുകാരേക്കാള്‍ മോശമായി പെരുമാറുന്നു


കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി ഒരു പൈസ പോലും നല്‍കിയിട്ടില്ല. ഡാരംഗ് ജില്ലയിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്ന് ബിജെപിയുടെയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ഹിന്ദുത്വ അജണ്ട വ്യക്തമാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.


'അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നതിന് ഒരു കാരണമേയുള്ളൂ, കാരണം അവര്‍ വര്‍ഷങ്ങളായി അസമില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ആണെങ്കിലും അവര്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ഇത് ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്, അതിനെതിരെ പോരാടുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


Tags: