ഒഴിപ്പിക്കല്‍ റഷ്യന്‍ സഹായത്തോടെ; ഖര്‍കിവിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Update: 2022-03-03 15:10 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഖര്‍കിവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രാലയവും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയും പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

എല്ലാ ഇന്ത്യക്കാരോടും ഒരു ഫോം പൂരിപ്പിച്ച് നല്‍കാന്‍ എംബസി അറിയിച്ചു. ഖര്‍കിവിലെ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ പൗരന്മാരെ രാജ്യത്തെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. 

ഖര്‍കിവില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എംബസി അറിയിച്ചിരുന്നു. വൈകീട്ട് 6 മണിക്കു മുമ്പ് സ്ഥലം വിടാനായിരുന്നു നിര്‍ദേശം. പിസോചിന്‍, ബാബായി അല്ലെങ്കില്‍ ബെസ്ലിയുഡിവ്ക എന്നീ നഗരങ്ങളിലേക്ക് പോകാനായിരുന്നു പറഞ്ഞിരുന്നത്. വാഹനസൗകര്യം ലഭിക്കാത്തവര്‍ നടന്നുപോകണമെന്നും എംബസി നിര്‍ദേശിച്ചു.

'പിസോചിന്‍ ഒഴികെ ഖര്‍കിവില്‍ ഉള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും, ദയവായി അവരുടെ വിശദാംശങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിക്കുക'- യുക്രെയ്ന്‍ എംബസി ട്വീറ്റ് ചെയ്തു.

പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഒഴിഞ്ഞുപോകേണ്ടവരുടെ മറ്റുവിവരങ്ങള്‍ എന്നിവയാണ് നല്‍കേണ്ടത്.