കൊവിഷീല്‍ഡും കൊവാക്‌സിനും അംഗീകരിക്കുന്നതിനു പകരം യൂറോപ്യന്‍ യൂനിയന്റെ കൊവിഡ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം; യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദേശവുമായി ഇന്ത്യ

Update: 2021-06-30 16:26 GMT

ന്യൂഡല്‍ഹി: ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയ കൊവാക്‌സിനും കൊവിഷീല്‍ഡിനും അംഗീകാരം നല്‍കുന്നതിനുപകരം യൂറോപ്യന്‍ യൂനിയന്‍ അനുവദിക്കുന്ന വാ്കസിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്രാനുമതി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

ജൂലൈ ഒന്നു മുതലാണ് യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

യൂറോപ്യന്‍ യൂനിയന്റെ തീരുമാനമനുസരിച്ച് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി അംഗീകരം നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കുമാത്രമേ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് ഏജന്‍സി ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ സ്പുട്‌നിക്ക് 5 മൊഡേര്‍ണ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.