വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി വിദേശകാര്യമന്ത്രാലയം

Update: 2022-09-23 13:36 GMT

ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കുമെതിരേ വിദ്വേഷകുറ്റകൃത്യങ്ങളും വിഭാഗീയ ആക്രമണങ്ങളും വംശീയ ആക്രമണങ്ങളും വര്‍ധിക്കുന്നതായി വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങള്‍ക്കും പഠനത്തിനും ജോലിക്കും വേണ്ടി കാനഡയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ കാനഡയിലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ആരെയും പിടികൂടിയിട്ടില്ലെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

'മുകളില്‍ വിവരിച്ച പ്രകാരം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത്, കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യാത്രയ്ക്കും വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണം'- പ്രസ്താവനയില്‍ പറയുന്നു. 

സിഖുകാര്‍ക്ക് ഒരു പ്രത്യേക മാതൃരാജ്യം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഹിതപരിശോധന ഒരു വലിയ നയന്ത്രപ്രശ്‌നമായ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്.

ഹിതപരിശോധന വെറും പ്രഹസനമാണെന്നും വൃഥാവ്യായാമമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്‍ദം ബഗാച്ചി പറഞ്ഞു.

കാനഡയിലെ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും ഒട്ടാവയിലെ ഇന്ത്യന്‍ മിഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലോ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ആവശ്യമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News