എത്യോപ്യ: പ്രതിപക്ഷ ഭരണ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പുതിയ നീക്കത്തെ തുടര്‍ന്ന് ടിഗ്രേയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ അടച്ചുപൂട്ടി.

Update: 2020-11-04 13:49 GMT

അഡിസ് അബാബ: എത്യോപ്യയിലെ പ്രതിപക്ഷ ഭരണ മേഖലയായ വടക്കന്‍ ടിഗ്രേയില്‍ എത്യോപ്യന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതൃത്വത്തിലുള്ള പ്രാദേശിക സര്‍ക്കാര്‍ ഫെഡറല്‍ സൈനികരെ ആക്രമിക്കുകയും സൈനിക സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ആരോപിച്ചു. ഫെഡറല്‍ റീജിയണല്‍ സ്റ്റേറ്റ് ഓഫ് ടിഗ്രേയ്ക്കുള്ളിലെ നിയമവിരുദ്ധവും അക്രമപരവുമായ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയെയും ഭരണഘടനാ ക്രമത്തെയും അപകടത്തിലാക്കുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് ഫെഡറല്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മേഖലയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് അബിയുടെ വക്താവ് ബില്ലെന്‍ സെ ബുധനാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സെപ്റ്റംബറില്‍, ഫെഡറല്‍ സര്‍ക്കാരിനെ ധിക്കരിച്ചുകൊണ്ട് ടിഗ്രെയില്‍ പ്രതിപക്ഷം പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് എത്യോപ്യന്‍ ഭരണകൂടം അംഗീകരിച്ചിട്ടില്ല. പുതിയ നീക്കത്തെ തുടര്‍ന്ന് ടിഗ്രേയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ അടച്ചുപൂട്ടി. അബി അഹമ്മദ് 2018 ല്‍ അധികാരത്തില്‍ വന്നതിനുശേഷം, ടിഗ്രേയില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എത്യോപ്യയിലെ 109 ദശലക്ഷം ജനങ്ങളില്‍ ആറ് ശതമാനമാണ് ടിഗ്രേയുടെ ജനസംഖ്യ.

Tags:    

Similar News