പ്രവാസികളുടെ തിരിച്ചുവരവ്: മുന്‍ഗണനാപട്ടികയിലെ അപാകത പരിഹരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി

Update: 2020-05-11 14:23 GMT

തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കായി തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയുടെ കാര്യത്തില്‍ ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അപാകത പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്.

സൗദിയിലെ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ മുന്‍ഗണനക്രമം തെറ്റിച്ചാണ് യത്രക്കാരെ കൊണ്ടുവന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. മുന്‍ഗണന ലഭിക്കേണ്ട ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പോലും യാത്രാനുമതി ലഭിച്ചില്ല. തയ്യാറാക്കുന്ന ലിസ്റ്റിന്റെ മുന്‍ഗണന എല്ലാവര്‍ക്കും ബോധ്യമാകണം. എംബസി ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രതയും സൂക്ഷ്മതയും പാലിക്കണം. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണണം. യാത്രക്കായി ഇതിനകം തയ്യാറാക്കിയ ലിസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി. കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

Tags: