മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ബാധ്യത: തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്ത്വമുണ്ടെന്ന് തെലങ്കാന ഹൈക്കോടതി. മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഈ ബാധ്യത ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സൂര്യപേട്ട് സ്വദേശിനിയായ വയോധിക മകനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി വിജയസെന്‍ റെഡി ഇക്കാര്യം വ്യക്തമാക്കിയത്. മകന്‍ അവഗണിക്കുന്നതിനാല്‍ തനിക്ക് നല്‍കിയ സ്വത്ത് തിരികെ വേണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. 66 വയസ്സുള്ള ഇവര്‍ നിലവില്‍ മകളോടൊപ്പമാണ് താമസം.
മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനുള്ള നിയമപ്രകാരം 2025 ഡിസംബറില്‍ അനുകൂല ഉത്തരവ് ലഭിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ പരാജയപ്പെട്ടതായി കോടതിയെ അറിയിച്ചു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ കോടതി കേസ് ഏപ്രില്‍ 15ലേക്ക് മാറ്റി. പ്രായമായ മാതാപിതാക്കളെ മക്കള്‍ അവഗണിക്കുന്ന പ്രവണതയില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, സ്വത്തില്‍ അവകാശം ആവശ്യപ്പെടുന്ന മക്കള്‍ അവരുടെ സംരക്ഷണ ചുമതലയും ഏറ്റെടുക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളെ സംരക്ഷിക്കല്‍ ലിംഗഭേദത്തെ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാവില്ലെന്നും, പ്രത്യേകിച്ച് ഏകമകളായാല്‍ ആ ഉത്തരവാദിത്തം മകള്‍ക്കുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
