പരിസ്ഥിതി സംവേദക മേഖല: കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും

Update: 2022-11-16 01:50 GMT

തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടാന്‍ എംപിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംപിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ അംഗീകരിക്കണം.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കില്‍ നിയമനിര്‍മാണം നടത്തണം. ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്‍ കൂടി സിആര്‍ഇസഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. നേമം കോച്ചിങ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കാന്‍ എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാന്‍ തീരുമാനിച്ചു. റെയില്‍വേ ട്രാക്കിനു കുറുകെ ഇഎച്ച്ടി ലൈനുകള്‍ നിര്‍മിക്കുന്നതിന് റെയില്‍വേയില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ പോയിന്റ് ഓഫ് കോള്‍ അനുവദിക്കുന്നതിനും ആസിയാന്‍ രാജ്യങ്ങളുമായി ഓപണ്‍ സ്‌കൈ പോളിസിയുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനും ഇടപെടണം. മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയോ പ്രത്യേക ഫണ്ടായോ തുക അനുവദിപ്പിക്കാന്‍ അടിയന്തരശ്രദ്ധയുണ്ടാവണം. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Tags:    

Similar News