പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മേയില്‍ പ്രവേശനം: മന്ത്രി കെ രാജന്‍
കോഴിക്കോട്: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം മെയ് മാസത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് മൃഗങ്ങളെ കൂടുകളിലേക്ക് മാറ്റി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
അറൈവല്‍ പാര്‍ക്കിംങ്ങ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോഡൈവേഴ്‌സിറ്റി സെന്റര്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍ തുടങ്ങിയ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്.
മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഹിപ്പൊ പൊട്ടാമസ്, സീബ്ര, ഈലാന്റ് ഒട്ടകപക്ഷി, ഹിമാലയന്‍ കരടി, സ്ലോത്ത് ബെയര്‍, വരയാട് , ഗ്രാസ് ലാന്റ് എവിയറി, റാപ്ടര്‍ എവിയറി, കാട്ടുനായ, കുറുക്കന്‍, കഴുതപുലി എന്നിവയുടെ കൂടുകളും ഇതോടനുബന്ധിച്ചുള്ള കംഫര്‍ട്ട് സ്‌റ്റേഷന്‍, സര്‍വ്വീസ് വിസിറ്റേഴ്‌സ് ഗ്രാം പാതകള്‍, സര്‍വ്വീസ് റോഡുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സുവോളജിക്കല്‍ പാര്‍ക്കില്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കൂടാതെ സുവോളജിക്കല്‍ പാര്‍ക്കിനായി ഒരു സ്ഥിരം നഴ്‌സറിയും ആരംഭിച്ചിട്ടുണ്ട്.
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ , സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, ഡയറക്ടര്‍ ആര്‍ കീര്‍ത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിമ്പു കിരണ്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
