എന്‍ഫോഴ്സ്മെന്റ് പരിശോധന പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്എസ് അജണ്ടയുടെ തുടര്‍ച്ച: തിരൂരില്‍ പ്രതിഷേധ പ്രകടനം

Update: 2020-12-03 14:15 GMT

തിരൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകനം നടത്തി.

ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും ഭരണകൂടം പ്രതിസന്ധിയിലാവുമ്പോഴെല്ലാം മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുമ്പും ഇത്തരം വാര്‍ത്തകള്‍ ആഘോഷിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. താഴേപാലത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ഏരിയ പ്രസിഡന്റ് നജീബ് തിരൂര്‍ സെക്രട്ടറി യഹിയ അന്നാര, ഇബ്രാഹിം തിരൂര്‍, അബ്ദു പയ്യനങ്ങാടി, കുഞ്ഞിബാവ എന്നിവര്‍ നേതൃത്വം നല്‍കി.