ഉപരോധം അവസാനിപ്പിക്കല്‍: ഖത്തറില്‍ ആഘോഷം

ഖത്തര്‍ - സൗദി അതിര്‍ത്തികള്‍ തുറന്നെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം റൂട്ട് മാറ്റി സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചതും വിസ്മയമായി.

Update: 2021-01-05 12:50 GMT

ദോഹ: ഖത്തറിനെതിരെ മൂന്നര വര്‍ഷം നീണ്ട ബഹിഷ്‌കരണം അവസാനിപ്പിച്ച് സൗദി അറേബ്യ വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ തുറന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഖത്തറില്‍ ജനങ്ങള്‍ തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിച്ചു. സൗദിയുടെയും ഖത്തറിന്റെയും പതാകകളും ഭരണാധികാരികളുടെ ചിത്രങ്ങളുമായിട്ടായിരുന്നു ആഘോഷം.


സൗദി ഖത്തറുമായുള്ള അതിര്‍ത്തികള്‍ തുറന്നതായി കുവൈത്ത് വിദേശ മന്ത്രിയുടെ പ്രസ്താവന ടി.വി ചാനല്‍ സംപ്രേക്ഷണം ചെയ്തയുടന്‍ അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കി ഖത്തരികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പാട്ടും നൃത്തവുമായി യുവാക്കള്‍ തെരുവിലേക്കൊഴുകി. ഖത്തര്‍ - സൗദി അതിര്‍ത്തികള്‍ തുറന്നെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം റൂട്ട് മാറ്റി സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചതും വിസ്മയമായി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം സൗദി വ്യോമമേഖലയില്‍ നിന്ന് അകന്ന് സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് സൗദി വ്യോമമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഇറാഖ് വഴി ഇറാന്‍ വ്യോമമേഖലക്കു സമീപം ഗള്‍ഫ് ഉള്‍ക്കടലിനു മുകളിലൂടെ വളഞ്ഞ് ദോഹയിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനം ഇറാഖില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പായി അതിര്‍ത്തികള്‍ തുറന്നെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ സൗദി വ്യോമമേഖലയില്‍ പ്രവേശിച്ച് അറാര്‍, റഫ്ഹ, ഹഫര്‍ അല്‍ബാത്തിന്‍ നഗരങ്ങള്‍ക്കു മുകളിലൂടെ ദോഹയിലേക്ക് പറക്കുകയായിരുന്നു.




Tags:    

Similar News