ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ വധിച്ചു; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Update: 2025-12-03 14:24 GMT

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മാവോവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോവാദികളെ വധിച്ചു. മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ വെസ്റ്റ് ബസ്തര്‍ ഡിവിഷനില്‍ ബിജാപൂര്‍-ദന്തേവാഡ അന്തര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ദന്തേവാഡ-ബിജാപൂര്‍ ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സിആര്‍പിഎഫ്, കോബ്ര കമാന്‍ഡോകള്‍ എന്നിവരുടെ സംയുക്ത സംഘം രാവിലെ ഒന്‍പതു മണിയോടെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ നിര്‍ണായക ഘട്ടത്തിലാണെന്നും മാവോവാദികള്‍ക്കെതിരേ ആക്രമണം നടന്നുവരികയാണെന്നും ബിജാപൂര്‍ പോലിസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് എസ്എല്‍ആര്‍ റൈഫിളുകള്‍, 303 റൈഫിളുകള്‍, മറ്റ് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ സൈന്യം പിടിച്ചെടുത്തു. കൊല്ലപ്പെട്ട മാവോവാദികളെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍മാരായ ഡുകാരു ഗോണ്ടെ, രമേശ് സോഡി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 270 ആയി ഉയര്‍ന്നു. ഇതില്‍ 241 പേരെ ബസ്തര്‍ ഡിവിഷനില്‍ വച്ചാണ് വധിച്ചത്. റായ്പൂര്‍ ഡിവിഷനിലെ ഗരിയാബന്ദ് ജില്ലയില്‍ 27പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ദുര്‍ഗ് ഡിവിഷനിലെ മൊഹ്ല-മാന്‍പൂര്‍-അംബഗഡ് ചൗക്കി ജില്ലയില്‍ രണ്ടു പേരെ വധിച്ചു.

Tags: