മസ്തിഷ്ക ജ്വരം; മരിച്ച കുട്ടികളുടെ എണ്ണം 111 ആയി, സർക്കാരിനെതിരേ ഹരജി

Update: 2019-06-19 01:37 GMT

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 111 ആയി. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. മൂന്നൂറിലേറെ കുട്ടികള്‍ കെജ്രിവാൾ ആശുപത്രി, ശ്രീകൃഷ്ണ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികില്‍സയിലാണ്. അതിനിടെ, ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാ‍ര്‍ പ്രതിഷേധിരുന്നു. ബാലമരണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ എന്നിവർക്കെതിരേയാണ് ഹരജി. രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി ജൂൺ 26ന് പരി​ഗണിക്കും.