അടിയന്തര ലാന്‍ഡിങ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന് സസ്‌പെന്‍ഷന്‍

Update: 2023-02-25 06:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. ടേക്ക് ഓഫിനിടെ പിന്‍ഭാഗം റണ്‍വേയില്‍ ഉരഞ്ഞ സംഭവത്തിലാണ് നടപടി. ഭാര നിര്‍ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമ്മാമിലേക്ക് പറക്കവേ ഹൈഡ്രോളിക് തകരാര്‍ മൂലം വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. പറന്നുയര്‍ന്നപ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.

രാവിലെ 10.15ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനത്തില്‍ 182 യാത്രക്കാണുണ്ടായിരുന്നത്. ആദ്യം കൊച്ചിയില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ച വിമാനം പിന്നീട് സുരക്ഷിത ലാന്‍ഡിങ് മുന്‍നിര്‍ത്തി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിന്റെ ഭാഗത്തെത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.

Tags: