എമിറേറ്റസ് ന്യൂസ് ഏജന്‍സിയില്‍ ലോക ഭാഷകള്‍ക്കൊപ്പം മലയാളവും

മലയാളത്തിന് പുറമെ ശ്രീലങ്കന്‍(സിംഹള), ഇന്തോനേഷ്യന്‍, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകള്‍ ചേര്‍ത്തുകൊണ്ടാണ് വാം വിപുലീകരിച്ചത്.

Update: 2020-06-03 17:44 GMT
അബുദാബി: എമിറേറ്റസ് ന്യൂസ് ഏജന്‍സി വാം വെബ് പോര്‍ട്ടലില്‍ ലോക ഭാഷകള്‍ക്കൊപ്പം മലയാളത്തിനും ഇടം നല്‍കി. പുതുതായി അഞ്ച് വിദേശ ഭാഷകള്‍ കൂടി വാമില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മലയാളത്തെയും പരിഗണിച്ചത്. മലയാളം കൂടി ഉള്‍പ്പെടുത്തിയതോടെ വാമില്‍ ഒന്നിലേറെ ഭാഷകള്‍ ഉള്ള ഏകരാജ്യമായി ഇന്ത്യ മാറി. ഹിന്ദി നേരത്തെ തന്നെ വാമില്‍ ഇടം പിടിപിച്ചിരുന്നു.

മലയാളത്തിന് പുറമെ ശ്രീലങ്കന്‍(സിംഹള), ഇന്തോനേഷ്യന്‍, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകള്‍ ചേര്‍ത്തുകൊണ്ടാണ് വാം വിപുലീകരിച്ചത്. രാജ്യാന്തര തലത്തില്‍ മാധ്യമരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് വിവരങ്ങള്‍ എത്രയും പെട്ടെന്ന ആളുകളില്‍ എത്തിക്കുക എന്നതിന് പുറമെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വാര്‍ത്തകളേയും സന്ദേശങ്ങളേയും തടയുകയുമാണ് ലക്ഷ്യമെന്ന് യുഎഇ സഹമന്ത്രിയും എന്‍എംസി ചെയര്‍മാനുമായ ഡോ.സുല്‍ത്താന്‍ ബിന്‍ അഹമദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാക്കി. പുതുതായി അഞ്ച് പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ എമിറേറ്റസ് ന്യൂസ് ഏജന്‍സി വെബ് പോര്‍ട്ടല്‍ 18 ഭാഷകളില്‍ വായിക്കാനാവും.


Tags: