എല്‍ഗാര്‍ പരിഷത്ത് കേസ്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചുവെന്ന് എന്‍ഐഎ കുറ്റപത്രം

Update: 2021-08-23 15:07 GMT

മുംബൈ: എല്‍ഗാര്‍ പരിഷത്ത് മാവോവാദി റിക്രൂട്ട്‌മെന്റ് കേസില്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി എന്‍ഐഎ. മുംബൈ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായണ് ജെഎന്‍യു, ടിസ്സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചുവെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഈ മാസം ആദ്യമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതികള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും സ്വന്തമായ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപിച്ചിരിക്കുന്നത്.

കേസില്‍ ഉള്‍പ്പെട്ട സാമൂഹികപ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, അഭിഭാഷകര്‍ തുടങ്ങി 15 പ്രതികള്‍ക്കുമെതിരേ 17 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എല്ലാവര്‍ക്കുമെതിരേ യുഎപിഎയും ചുമത്തിയിട്ടുണ്ട്. പ്രതികള്‍ നിരോധിത സംഘടനയായ സിപിഐ മാവോവാദി പാര്‍ട്ടിയില്‍ അംഗമാണെണും ആരോപിക്കുന്നു.

സുധാ ഭരദ്വാജ്, വെര്‍ണണ്‍ ഗോണ്‍സാല്‍വസ്, വരവര റാവു, ഹാനി ബാബു, ആനന്ദ് തെല്‍തുംദെ, ഗൗതം നവ്‌ലാഖ് തുടങ്ങി 15 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതേ കേസില്‍ ഉള്‍പ്പെട്ട സ്റ്റാന്‍ സ്വാമി ജൂലൈ 5ന് കസ്റ്റഡിയിലിരിക്കെ മരിച്ചു.

2017 ഡിസംബര്‍ 31ന് പൂനെയില്‍ ഭീമ കൊറെഗാവ് അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ അടുത്ത ദിവസം നഗരത്തില്‍ അക്രമത്തിന് കാരണമായെന്നാണ് പോലിസ് കേസ്.