കാത്തിരിപ്പിനു വിരാമം; പതിനൊന്ന് വര്‍ഷത്തിനു ശേഷം ജപ്പാന്‍ ജയിലില്‍ നിന്നും മഹേന്ദ്രന്‍ നാട്ടില്‍
നീലേശ്വരം: പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു വിരാമം. മഹേന്ദ്രന്‍ വീടണഞ്ഞു. മടിക്കൈ കൂലോംറോഡിലെ പരേതനായ കെവി. കുമാരന്റെയും ലക്ഷ്മിയമ്മയുടെയും മകനായ മഹേന്ദ്രകുമാര്‍ 11 വര്‍ഷത്തെ ജയിലില്‍ ജീവിതത്തിനു ശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ ടോക്കിയോയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി വഴി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. റോഡ് മാര്‍ഗം കാസര്‍ഗോഡ് നീലേശ്വരത്തെ വീട്ടില്‍ രാത്രി 7.30-ഓടെ എത്തുകയായിരുന്നു.
വാഹനത്തില്‍ നിന്നിറങ്ങിയ മഹേന്ദ്രന്‍ ആദ്യം ചെന്നത് അച്ഛന്‍ കെവി. കുമാരനെ ദഹിപ്പിച്ചിടത്തേക്കായിരുന്നു. പിന്നീട് പടിക്കല്‍ കാത്തുനില്‍ക്കുന്ന ലക്ഷ്മിയമ്മയെ സാമൂഹിക അകലം പാലിച്ച് കാണുകയും. ഏഴുദിവസത്തെ ക്വാറന്റൈനില്‍ പോകുകയും ചെയ്തു. 1997-ലാണ് മഹേന്ദ്രന്‍ ജപ്പാനില്‍ പോയത്. ആദ്യം ഒരു കമ്പനിയില്‍ ജോലിചെയ്തു. പിന്നീട് ഹോട്ടലും തുടങ്ങി. മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്ക് അക്രമത്തിലെത്തിയപ്പോള്‍ അത് തീര്‍ക്കാന്‍ എത്തിയ മഹേന്ദ്രകുമാറിനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008 മാര്‍ച്ചിലാണ് സംഭവം നടന്നത്. മഹേന്ദ്രന്റെ അച്ഛന്‍ കെവി. കുമാരന്‍ കഴിഞ്ഞവര്‍ഷമാണ് മരിച്ചത്. മന്മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ മുന്‍ എംപി പി കരുണാകരന്‍ മുഖേന മഹേന്ദ്രനെ വിട്ടുകിട്ടാന്‍ ഏറെ പരിശ്രമിച്ചിരുന്നു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരിക്കെ കുടുംബം സങ്കടഹരജിയും നല്‍കിയിരുന്നു.