കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആന ഇടഞ്ഞ സംഭവം; ചട്ടലംഘനം നടന്നെന്ന് റിപോര്‍ട്ട്

Update: 2025-02-14 10:36 GMT

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ചതില്‍ ചട്ടലംഘനം നടന്നെന്ന് റിപോര്‍ട്ട്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വനം വകുപ്പ് മന്ത്രിക്ക് അന്വേഷണ റിപോര്‍ട്ട് നല്‍കി. സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെയാണ് കോഴിക്കോട് കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞത്. അപകടത്തില്‍ 32 പേര്‍ക്ക് ആണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി സാരമായി പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. വെടിക്കെട്ട് നടക്കുന്ന സമയത്ത് ഗോകുല്‍ എന്ന ആന മുന്നോട്ട് വന്ന് മുന്നിലുള്ള പീതാംബരന്‍ എന്ന ആനയെ കുത്തുകയായിരുന്നു.

ഇന്നലെയാണ് കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചത്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനെത്തിച്ച പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു.

Tags: