കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയില്‍

Update: 2025-12-24 09:59 GMT

തലശ്ശേരി: ലൈസന്‍സ് അപേക്ഷയുമായി ബന്ധപ്പെട്ട ഫയല്‍ വേഗത്തില്‍ നീക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജീവനക്കാരിയും ചെണ്ടയാട് സ്വദേശിനിയുമായ മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ലൈസന്‍സിനായി ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതില്‍ താമസം ഒഴിവാക്കാമെന്ന വാഗ്ദാനം നല്‍കി ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് വകുപ്പിനെ സമീപിക്കുകയായിരുന്നു.

തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ യാത്രയ്ക്ക് ശേഷം എത്തിച്ചേര്‍ന്ന ഉദ്യോഗസ്ഥയ്ക്ക് 6,000 രൂപ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പണം കൈമാറിയ ഉടന്‍ തന്നെ ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി.

Tags: