ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തുന്നു: കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി നിധിന്‍ ഗഡ്കരി; മാര്‍ഗനിര്‍ദേശം ഉടന്‍

Update: 2022-04-22 05:55 GMT

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. എന്തുകൊണ്ടാണ് ഇത്തരം തകരാറുകള്‍ ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കണമെന്നും ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പ്യുവര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തീപിടിച്ച് 80 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒല, ഒകിനാവ, ജിതേന്ദ്ര ഇവി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം ഇത്തരം നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഗൗരവമായെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അശ്രദ്ധ കാണിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രശ്‌നമുള്ള എല്ലാ വാഹനങ്ങളും തിരിച്ചെടുക്കാന്‍ ഉത്തരവിടുമെന്നും കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

റൈഡ് ഹെയ്‌ലിംഗ് ഓപ്പറേറ്ററായ ഒലയുടെ ഇലക്ട്രിക് മൊബിലിറ്റി ആം പൂനെയില്‍ പുറത്തിറക്കിയ ഇ സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റിയോട് (സിഎഫ്ഇഇഎസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

Tags:    

Similar News