തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് മോദിയുടെയും ഷായുടെയും സൗകര്യം നോക്കി: മമത ബാനര്‍ജി

അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍വന്ന് പ്രചാരണം നടത്താന്‍ മോദിക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണ് ഇതെന്നും മമത പറഞ്ഞു

Update: 2021-02-26 18:18 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് സമാനമായ മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നിര്‍ദ്ദേശിച്ച തീയതികളിലാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടത്തുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശാനുസരണം ആണോ എന്ന് അവര്‍ ചോദിച്ചു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍വന്ന് പ്രചാരണം നടത്താന്‍ മോദിക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണ് ഇതെന്നും മമത പറഞ്ഞു.


എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍തന്നെ വിജയിക്കുമെന്ന് മമത പറഞ്ഞു. എല്ലാ ഗൂഢാലോചനകളെയും പരാജയപ്പെടുത്തും. അപമാനിക്കാനുള്ള നീക്കത്തിന് ബംഗാളിലെ ജനങ്ങള്‍ മറുപടി നല്‍കും. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.


എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങളടക്കം വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.




Tags: