തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി സീല്‍: മാധ്യമപ്രവര്‍ത്തകന് നോട്ടീസ് അയച്ച കേരളാ പോലിസ് നടപടി പ്രതിഷേധാര്‍ഹം; ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ സീല്‍ പതിച്ച കത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ചത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന് നോട്ടീസ് അയച്ച കേരളാ പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ബിജെപിയുടെ സീല്‍ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക കത്തില്‍ പതിച്ചത് സംബന്ധിച്ച ചര്‍ച്ച ഭയപ്പെടുത്തി മയപ്പെടുത്താന്‍ കേരളാ പോലിസ് ക്വട്ടേഷനെടുത്തിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു വ്യക്തമാക്കണം.
ഇടതു ഭരണത്തില്‍ പോലിസിന്റെ ഫാഷിസ്റ്റ് ദാസ്യത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റ ഒടുവിലത്തേതാണ് ഇപ്പോഴത്തെ നോട്ടീസ്. ഇത് സര്‍ക്കാര്‍ അറിഞ്ഞാണോ എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. അത് നിഷേധിക്കലാണ് ഏകാധിപത്യത്തിന്റെ നിലനില്‍പ്പ്. പോലിസ് ജനാധിപത്യത്തിന്റെ സംരക്ഷകരോ അതോ ഏകാധിപത്യത്തിന്റെ കാവല്‍ക്കാരോ എന്നതു കൂടി പൊതുമസൂഹത്തിന് അറിയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെട്ട് കേരളാ പോലിസ് മാധ്യമ പ്രവര്‍ത്തകന് അയച്ച് കത്ത് പിന്‍വലിപ്പിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിക്കുന്നതു പോലും കുറ്റകൃത്യമായി കണ്ട് നോട്ടീസ് അയയ്ക്കാനും ഭയപ്പെടുത്താനും കേരളാ പോലിസ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
