എസ്‌ഐആര്‍; മമത ബാനര്‍ജി ഫയല്‍ ചെയ്ത കേസില്‍ ഇന്ന് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കും
കൊല്‍ക്കത്ത: എസ്‌ഐആറില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ ഹരജിയിലാണ് ഇന്ന് വാദം കേള്‍ക്കുക. എസ്‌ഐആറിനെതിരേ മമത ഫയല്‍ ചെയ്ത കേസില്‍ ഇന്ന് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കും. കഴിഞ്ഞ പ്രാവശ്യം മമത തന്നെ നേരിട്ട് കേസ് വാദിക്കാനെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ വിഷയമായതിനാലാണ് താന്‍ തന്നെ വാദിക്കാമെന്നു കരുതിയതെന്ന് അവര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച സൂക്ഷ പരിശോധകര്‍ വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്ന് വെട്ടുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു. കൂടാതെ ഫോം സെവന്‍ ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ വോട്ടുകള്‍ വെട്ടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2025 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും എസ്ഐആറിന് ശേഷം തയ്യാറാക്കുന്ന പുതിയ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുതെന്നും ഹരജിയില്‍ പറയുന്നു. ലക്ഷക്കണക്കിന് സാധുവായ വോട്ടര്‍മാര്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.