വോട്ടെടുപ്പില്‍ ക്രമക്കേട്; അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

Update: 2026-04-11 05:13 GMT

ദിസ്പൂര്‍: അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. കരിംഗഞ്ച് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷ്മപരിശോധന നടത്തിയതിന് പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം. മണ്ഡലത്തിലെ ചില പോളിങ് സ്റ്റേഷനുകളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വോട്ടിങിന് ശേഷം നടത്തിയ പരിശോധനയിലാണ് പോളിങ് രേഖകളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയത്.

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ റിപോര്‍ട്ട് നല്‍കി. ഇത് കണക്കിലെടുത്താണ് വോട്ടെടുപ്പ് അസാധുവാക്കി റീപോളിങിന് ഉത്തരവിട്ടത്. റീപോളിങിനായുള്ള തിയ്യതി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. പുതിയ വോട്ടെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വോട്ടെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: