വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2026-03-30 06:38 GMT

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യവും ഭയരഹിതവുമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടന്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍കാലങ്ങളില്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം, വോട്ടിങ് യന്ത്രങ്ങളില്‍ വരുത്തുന്ന കേടുപാടുകള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു റീപോളിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ, വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടയുകയോ, ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ ആ പോളിങ് റദ്ദാക്കും. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്രമക്കേടുകള്‍ പോലും റീപോളിങ്ങിനുള്ള കാരണമായി കണക്കാക്കും.

തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും കമ്മീഷന്‍ ഗൗരവമായി കാണുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് റീപോളിങ്ങിന് വഴിമാറുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പോളിങ് സ്‌റ്റേഷനുകളിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും കമ്മീഷന്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പരാതികള്‍ ഉടനടി അറിയിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ആപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Tags: