കുഴൂരില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫും തിരുത്താന്‍ എല്‍ഡിഎഫും: ഉപതിരഞ്ഞെടുപ്പില്‍ ചൂടേറുന്നു
മാള: കുഴൂരില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫും തിരുത്താന്‍ എല്‍ഡിഎഫും ബിജെപിയും സ്വതന്ത്രനും രംഗത്തിറങ്ങിയതോടെ കുഴൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ചൂടേറുന്നു. പാര്‍ട്ടി നീതി കാണിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അംഗമായിരുന്ന ഇ കേശവന്‍കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് നാലാം വാര്‍ഡില്‍ ഈ വരുന്ന 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ കുഴൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ വെല്ലുവിളിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയിട്ടുള്ളത്.
വാര്‍ഡില്‍ യുഡിഎഫ് മാത്രം വിജയിച്ച ചരിത്രമാണുള്ളത്. ദിവംഗതയായ പി ശാന്തകുമാരിയാണ് തുടര്‍ച്ചയായി നാലാം വാര്‍ഡില്‍ വിജയിച്ചിരുന്നത്. ദീര്‍ഘകാലം ഇവര്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 2005ല്‍ എല്‍ഡിഎഫ് പിന്തുണയോടെ ഡിഐസി പ്രതിനിധിയായി വിജയിച്ച് മുന്‍ പ്രസിഡന്റ് പി ശാന്തകുമാരി വീണ്ടും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ആകെയുള്ള 14 വാര്‍ഡുകളില്‍ നിലവില്‍ കോണ്‍ഗ്രസിന് എട്ടും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്.
ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. പ്രമുഖ സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി പരാജയം അറിഞ്ഞ വാര്‍ഡ് എല്‍ഡിഎഫ്. സ്വതന്ത്രനെ രംഗത്തിറക്കി ചരിത്രം തിരുത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഇ കേശവന്‍കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണ്. എന്നാല്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഭരണസമിതിയോഗങ്ങളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. പിന്നീട് അയോഗ്യത വരുമെന്ന സ്ഥിതിവന്നപ്പോഴാണ് രാജി വെച്ചത്. എന്നാല്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കേശവന്‍കുട്ടി പങ്കെടുത്തിരുന്നു. പാര്‍ട്ടി വിടില്ലെന്നും എന്നും കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്നും കേശവന്‍കുട്ടി വ്യക്തമാക്കി. 2013 മുതല്‍ 2015 വരെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 2018 മുതല്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ കേശവന്‍കുട്ടി വഹിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സേതുമോന്‍ ചിറ്റേത്തും എല്‍ഡിഎഫ് സ്വതന്ത്രനായി ജെന്‍സന്‍ തെറ്റയിലും എന്‍ഡിഎയുടെ എന്‍ ശ്രീനിവാസനും സ്വതന്ത്രനായി ഷാജി കല്ലൂക്കാരനുമാണ് സ്ഥാനാര്‍ത്ഥികള്‍. സാമുദായികമായി നോക്കിയാല്‍ നാലാം വാര്‍ഡിലെ എല്ലാ സമുദായങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിയണ്ട്. അതുതന്നെയാണ് സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും ആശങ്കയും.
